ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനഘട്ടത്തില്‍ വികസിച്ചുവന്ന ഒരു പാഠ്യ പദ്ധതിയാണ് സംസ്കാരപഠനം. ഈ മേഖലയെ പരിചയപ്പെടുന്നതോടൊപ്പം അതിന്‍റെ വെളിച്ചത്തില്‍ സാഹിത്യകൃതികളെയും കലകളെയും അപഗ്രഥിക്കാനുള്ള ശേഷി വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കിയെടുക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണിത്. ഒരു കൃതി എഴുതപ്പെട്ട കാലഘട്ടത്തിന്‍റെ ചരിത്രപരവും സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ ഘടകങ്ങള്‍ കൃതിയില്‍ അന്തര്‍ലീനമായിരിക്കും, അതിനെ കണ്ടെത്താനും സാംസ്കാരിക വിശകലനത്തിന് പ്രേരിപ്പിക്കാനും അതുവഴി പുതിയ അര്‍ത്ഥതലങ്ങളിലേക്കും ഭാവകത്വത്തിലേക്കും പ്രവേശിക്കാനും കഴിയും. ക്ലാസ്സിക്കല്‍ പാരമ്പര്യത്തില്‍ പെടാതെ അരികുവല്‍ക്കരിക്കപ്പെട്ട പാഠങ്ങളെ കണ്ടെത്താനും അവയുടെ സാംസ്കാരികവും ചരിത്രപരവുമായ സ്ഥാനം അടയാളപ്പെടുത്താനും ഉതകുന്ന പഠനപദ്ധതിയാണ് സംസ്കാരപഠനം. കലാനിരൂപണത്തിനു അടിത്തറയിട്ടത് ഇതാണ്.